ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നറിയപ്പെടുന്ന അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാം. 1931 ഒക്ടോബർ 15 നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമായിരുന്നു. തന്റെ ജനകീയ നയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25 നു സ്ഥാനമൊഴിഞ്ഞു. രാഷ്ട്രപതിസ്ഥാനത്തേക്കെത്തുന്നതിനു മുമ്പ് അദ്ദേഹം നിരവധി ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ബഹിരാകാശഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളിൽ കലാം ഉദ്യോഗസ്ഥനായിരുന്നു. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസ്സൈൽ മനുഷ്യൻ എന്ന് കലാമിനെ അനൗദ്യോഗികമായി വിശേഷിപ്പിക്കാറുണ്ട്. 1997 ൽ ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകി അദ്ദേഹത്തെ രാഷ്ട്രം ആദരിച്ചു.
ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിനിയായ ഒൻപതാം ക്ലാസുകാരിയായിരുന്ന പെൺകുട്ടിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോകുകയും, തുടർന്നുള്ള നാല്പതുദിവസം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതി സംബന്ധിച്ച അന്വേഷണത്തേയും വിചാരണയേയും ആണ് സൂര്യനെല്ലി സ്ത്രീപീഡനക്കേസ് എന്ന് പറയുന്നത്. 1996-ൽ ആണ് സംഭവ പരമ്പരകളുടെ തുടക്കം. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽവച്ചു നടന്ന പീഡനത്തിൽ 42 പേരോളം ഉൾപ്പെട്ടിരുന്നു. പ്രതികളിലും ആരോപണവിധേയരിലും പെട്ടവരിൽ ചിലർ അറിയപ്പെടുന്നവരും ഉന്നതപദവികൾ വഹിക്കുന്നവരും ആയിരുന്നു. പീരുമേട് സെഷൻസ് കോടതിയിൽ ആരംഭിച്ച കുറ്റവിചാരണ പിന്നീട് പ്രത്യേക കോടതിയിലേയ്ക്ക് മാറ്റപ്പെടുകയുണ്ടായി. പ്രതികളിൽ നാലുപേരൊഴിച്ചുള്ള എല്ലാവരേയും ശിക്ഷിച്ചുകൊണ്ടുള്ള പ്രത്യേക കോടതി വിധി, കേരള ഹൈക്കോടതി 2005-ൽ റദ്ദാക്കുകയും പ്രധാന പ്രതിയായ ധർമ്മരാജൻ ഒഴികെയുള്ളവരെ വെറുതെ വിടുകയും ചെയ്തു. ഇതിനെതിരെ സർക്കാരും ഇരയായ പെൺകുട്ടിയും സുപ്രീം കോടതിയിൽ അപ്പീലിൽ നൽകുകയും, 2013 ജനുവരിയിൽ, ഈ വിധി സുപ്രീം കോടതി റദ്ദാക്കുകയും കേസ് കേരള ഹൈക്കോടതിയിൽ പുനഃപരിശോധന നടത്തുന്നതിനായി തിരികെ അയയ്കുവാൻ ഉത്തരവിടുകയും ചെയ്തു. തുടർന്ന് ഹൈക്കോടതി നടത്തിയ പുനർവിചാരണയിൽ പഴയ വിധി അസാധുവാക്കുകയും കീഴ്ക്കോടതി വിധി ഭേദഗതികളോടെ പുനഃസ്ഥാപിക്കുകയും ചെയ്തു.
കെട്ടിട നിർമാണത്തിലെ കലയും ശാസ്ത്രവും അടങ്ങുന്ന വിജ്ഞാന ശാഖയാണ് വാസ്തുവിദ്യ. വാസ്തുവിദ്യയിൽ സമ്പന്നമായ പാരമ്പര്യമുള്ള രാജ്യമാണ് ഭാരതം. പൗരാണിക ഭാരതീയ വാസ്തുവിദ്യയുടെ അന്തസത്ത അതിലടങ്ങിയ ആത്മീയാശം ആണെന്ന് പറയയപ്പെടുന്നു. പ്രാചീന ഭാരതീയവാസ്തുശില്പങ്ങളിൽ പുരാണേതിഹാസങ്ങളിലെ സംഭവങ്ങളും കഥാപാത്രങ്ങളും ചിത്രീകരിച്ചിരിക്കുന്നു. കൊത്തുപണികൾ ഇല്ലാത്ത ചുമരുകളോ, മോടിപിടിപ്പിക്കാത്ത തൂണുകളോ, അലങ്കരിക്കപ്പെടാത്ത തട്ടുകളോ ഇവയിൽ കണ്ടെത്താനാവില്ല. ഭാരതീയ വാസ്തുവിദ്യയിലെ അറിയപ്പെടുന്ന ആദ്യകാല നിർമിതികളുടെ സ്മാരകങ്ങളായി ചില അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. സിന്ധുനദീതടത്തിലെ മോഹൻജൊദാരോ, ഹരപ്പ, ചുറുദാരോ, എന്നിവിടങ്ങളിൽ (ബി.സി. 3000) ജനങ്ങൾ തിങ്ങിപാർത്തിരുന്നതായി ഇവ തെളിയിക്കുന്നു. ഓരോ കാലഘട്ടത്തിലും വാസ്തു വിദ്യയിൽ മതങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭാരതീയ വാസ്തു വിദ്യയുടെ വികാസത്തിൽ ബുദ്ധമതത്തിന്റെ സ്വാധീനം അതിപ്രധാനമാണ്.
സൗത്ത് ആഫ്രിക്കയിൽ നിന്നുമെത്തിയ ഒരു അലങ്കാരച്ചെടിയാണ് നീലക്കൊടുവേലി. (ശാസ്ത്രീയനാമം: Plumbago auriculata). 1.8 മീറ്റർ വരെ ഉയരം വയ്ക്കുന്ന, വേഗം വളരുന്ന ചെടിയാണ് നീലക്കൊടുവേലി. നല്ല വെളിച്ചവും നീർവാർച്ചയുള്ള മണൽകലർന്നമണ്ണുമാണ് നീലക്കൊടുവേലിയ്ക്ക് നല്ലത്. ഉദ്യാന സസ്യമായി വച്ചു പിടിപ്പിക്കാറുള്ള നീലക്കൊടുവേലിയുടെ പൂക്കൾക്ക് ഇളം നീല നിറമാണ്. വെള്ള കൊടുവേലിയുടെ ഇലകളേക്കാൾ ചെറുതാണ് ഇതിന്റെ ഇലകൾ. ഇംഗ്ലീഷിൽ ഇത് Cape Leadwort എന്ന് അറിയപ്പെടുന്നു.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 42,734 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.